Kerala

പെരിയ ഇരട്ടക്കൊലക്കേസ്: 14 പേർ കുറ്റക്കാരെന്ന് കോടതി; 10 പേരെ വെറുതെ വിട്ടു

പെരിയ ഇരട്ടക്കൊലപാതക കേസിൽ 14 പേർ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളടക്കം 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പത്ത് പേരെ വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. മറ്റ് പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞു. ഉദുമ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമനെയും കുറ്റക്കാരനായി കൊച്ചിയിലെ സിബിഐ കോടതി കണ്ടെത്തിയിട്ടുണ്ട്

മുഖ്യ ആസൂത്രകൻ എ പീതാംബരൻ, കൊലപാതക കൃത്യം നട്തതിയ സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ജിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ് എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. 9ാം പ്രതി എ മുരളി, ടി രഞ്ജിത്ത്, കെ മണികണ്ഠൻ(കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ സുരേന്ദ്രൻ, കെവി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്‌കരൻ എന്നിവരാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയവർ

2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീം കോടതി വരെ പോയെങ്കിലും രക്ഷയുണ്ടായിരുന്നില്ല..

സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിധി വരുന്നത് പ്രമാണിച്ച് കല്യോട്ട് വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. ഇന്നലെ പോലീസ് റൂട്ട് മാർച്ച് നടത്തിയിരുന്നു

ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേർത്തു. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ പത്ത് പേരെ കൂടി പ്രതി ചേർത്തു. കൃത്യത്തിൽ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരൻ അടക്കമുള്ളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിലാണ് സിബിഐ കേന്ദ്രീകരിച്ചത്

 

The post പെരിയ ഇരട്ടക്കൊലക്കേസ്: 14 പേർ കുറ്റക്കാരെന്ന് കോടതി; 10 പേരെ വെറുതെ വിട്ടു appeared first on Metro Journal Online.

See also  താഴെ തട്ടിൽ പാർട്ടി ദുർബലം; ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് നേതൃശേഷിയുള്ളവർ വരണമെന്നും സിപിഎം

Related Articles

Back to top button