Kerala

പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച വടകര ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ വടകര മജിസ്‌ട്രേറ്റ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് പ്രതിഭാഗം ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചത്.

​കേസിൽ ജിതിൻ മനഃപൂർവം തെളിവ് നശിപ്പിച്ചുവെന്നും മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് വിവരങ്ങൾ മായ്ച്ചു കളഞ്ഞുവെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പൊലീസ് വാദം മറികടന്നാണ് ഇപ്പോൾ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസിന്റെ പശ്ചാത്തലം:

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ അനുകൂലിച്ചും എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ അധിക്ഷേപിച്ചുമുള്ള വ്യാജ ‘കാഫിർ’ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ വ്യാജ സന്ദേശം നിർമ്മിച്ചതിലും ഇരുന്നൂറോളം വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ബ്രോഡ്കാസ്റ്റ് സംവിധാനം വഴി ആദ്യം പ്രചരിപ്പിച്ചതിലും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി മുൻ അംഗമായ ജിതിൻ ഭാസ്കറിന് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ.

​കേസിലെ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കായി പ്രതിയുടെ മൊബൈൽ ഫോൺ തിരുവനന്തപുരത്തെ സംസ്ഥാന ഫൊറൻസിക് ലാബിലേക്ക് അയക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് അന്വേഷണസംഘം. അതിനിടെയാണ് പ്രതിക്ക് കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

See also  കുറ്റിപ്പുറത്ത് നഴ്‌സായ യുവതി ആത്മഹത്യ ചെയ്ത സംഭവം; ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

Related Articles

Back to top button