Kerala

ചോദ്യപേപ്പർ ചോർച്ച, എംഎസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

 

കോഴിക്കോട്: എംഎസ് സൊല്യൂഷൻ സിഇഒ എം. ഷുഹൈബിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി ക്രൈം ബ്രാഞ്ച്. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായാണ് അന്വേഷണസംഘം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. ചോദ്യം ചെയ്യലിനായി ഇന്നലെ രാവിലെ 11 മണിയോടെ ഹാജരാകാനായിരുന്നു ഷുഹൈബിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഷുഹൈബ് എത്തിയിരുന്നില്ല. ഇതോടെയാണ് പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്.

അതേസമയം, ഷുഹൈബിനൊപ്പം ഹാജരാകാൻ നിർദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. നാളെ ഹാജരാകാമെന്നാണ് അധ്യാപകർ അന്വേഷണ സംഘത്തെ നിലവിൽ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഷുഹൈബിനെ കസ്റ്റഡിയിൽ എടുക്കാനും ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാനുമുള്ള നീക്കം ക്രൈംബ്രാഞ്ച് സംഘം നടത്തിയിരിക്കുന്നത്.
അന്വേഷണത്തിൻ്റെ ഭാഗമായി ഷുഹൈബിൻ്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും. ഇയാളുടെ 2 വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നറിയാനാണ് പരിശോധന.

നേരത്തെ, വീഡിയോ നിർമിക്കുന്നതിനായി ഷുഹൈബ് ഉപയോഗിച്ച കംപ്യൂട്ടർ ഉൾപ്പടെയുള്ള ഉപകരണങ്ങളും രേഖകളും സംഘം പരിശോധിച്ചിരുന്നു. കേസിൽ ഷുഹൈബ് ഉൾപ്പെടെ 7 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ, ഷുഹൈബിൻ്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് കോടതി 26 ലേക്ക് മാറ്റി.

See also  വക്കീൽ നോട്ടീസിന് മറുപടിയില്ല; പിവി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി

Related Articles

Back to top button