നോട്ടീസ് നൽകിയിട്ടും ചെയ്തില്ല; ജെസിബിയുമായി എത്തി സ്വകാര്യ റിസോർട്ടിന്റെ മതിൽ പൊളിച്ച് എച്ച് സലാം എംഎൽഎ

പൊതുവഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് മതിൽ പൊളിക്കാൻ നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ മതിൽ പൊളിച്ച് എച്ച് സലാം എംഎൽഎ. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിന്റെ മതിലാണ് ജെസിബിയുമായി എത്തി സലാം എംഎൽഎ പൊളിച്ചത്.
റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതിൽ പൊളിക്കാത്തതിനാൽ നിർമാണം തുടങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് സലാം എംഎൽഎ മതിൽ പൊളിച്ചത്. പള്ളാത്തുരുത്തിയിലെ സന്താരിറ്റി റിസോർട്ടിനെതിരെയാണ് എംഎൽഎയുടെ നടപടി. മതിൽ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും റിസോർട്ട് അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു.
രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയില്ലാതെ വന്നതോടെയാണ് മതിൽ പൊളിക്കാൻ തീരുമാനിച്ചതെന്ന് സലാം എംഎൽഎ പറയുന്നു. പൊതുവഴി കയ്യേറിയാണ് റിസോർട്ടിന്റെ മതിൽ കെട്ടിയതെന്നും എംഎൽഎ ആരോപിച്ചു. അതേസമയം, എംഎൽഎ മതിൽ പൊളിച്ചത് നിയമവിരുദ്ധമായെന്നാണ് സ്വകാര്യ റിസോർട്ട് ഉടമ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് പരാതി നൽകിയതായും റിസോർട്ട് ഉടമ വ്യക്തമാക്കി.
The post നോട്ടീസ് നൽകിയിട്ടും ചെയ്തില്ല; ജെസിബിയുമായി എത്തി സ്വകാര്യ റിസോർട്ടിന്റെ മതിൽ പൊളിച്ച് എച്ച് സലാം എംഎൽഎ appeared first on Metro Journal Online.