Kerala

സീറ്റിൽനിന്നു എഴുന്നേറ്റു; റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്ക്; ഉമ തോമസിന്റെ അപകട ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന റെക്കോർഡ് നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎ ഉദ്ഘാടന വേദിയിൽ നിന്ന് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വീഡിയോയിൽ വേദിയിൽ സ്ഥലമില്ലായിരുന്നുവെന്നത് വ്യക്തമായി കാണാൻ സാധിക്കും. ആദ്യം കസേരയിൽ ഇരുന്ന എംഎൽഎ, സിജോയ് വർഗീസിന്റെ അഭ്യർഥന പ്രകാരം തൊട്ടടുത്ത കസേരയിൽ ഇരിക്കുന്നതിനിടെയിലാണ് താഴെക്ക് വീഴുന്നത്. വേദിയിൽ നിന്ന് റിബ്ബൺ കെട്ടിയ സ്റ്റാൻഡിലേക്ക് ചാഞ്ഞുകൊണ്ട് വീഴുന്നത് വീഡിയോയിൽ കാണാം.

https://x.com/Sree_soman/status/1874653108158259478

പരിപാടിയുടെ മുഖ്യസംഘാടകരിൽ ഒരാളായ പൂർണിമയെ മറികടന്ന് തൊട്ടടുത്ത സീറ്റിലിരിക്കാൻ നേരമാണ് ഉമ തോമസിന്റെ കാലിടറിയത്. ഈ സമയത്ത് തൊട്ടടുത്ത് റിബൺ കെട്ടിയ സ്റ്റാൻഡിൽ ഉമ പിടിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്നാണ് താഴേക്ക് വീഴുന്നത്. തൊട്ടടുത്ത കസേരയിൽ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയും മന്ത്രി സജി ചെറിയാനും ഉണ്ടായിരുന്നു. ഇരുവരും നോക്കിനിൽക്കെയായിരുന്നു അപകടം. സംഘാടകരുടെ ഭാഗത്തുനിന്നു വലിയ വീഴ്ചയാണു സംഭവിച്ചതെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. കാരണം നിന്ന് തിരിയാനുള്ള സ്ഥലം വേദിയിൽ ക്രമീകരിച്ചിരുന്നില്ല എന്നതും വീഡിയോയിൽ വ്യക്തമാണ്.

അതേസമയം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയിൽനിന്നു വീണ് ഉമ തോമസ് വീണത്. അപകടത്തിൽ എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോ​ഗതിയുണ്ടായതായാണ് കഴിഞ്ഞ ദിവസം വന്ന മെഡിക്കൽ ബുള്ളറ്റിൽ പറയുന്നത്. തീവ്ര പരിചരണ വിഭാ​ഗത്തിൽ കഴിയുന്ന എംഎൽഎ മകൻ വിഷ്ണുവിനോട് പ്രതികരിച്ചുവെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം എംഎൽഎയ്ക്കുണ്ടായ അപകടം സുരക്ഷാവീഴ്ച മൂലം ഉണ്ടായതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വേദിയിൽ മുൻനിരയിൽ കസേരയിട്ടത് അപകടകരമായെന്നും താനു അവിടെ നിന്ന് വീഴേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉമ തോമസിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

See also  മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പോസ്റ്റ്; അറസ്റ്റ് ഭയന്ന രാംഗോപാൽ വർമ ഒളിവിൽ, വ്യാപക തെരച്ചിൽ

Related Articles

Back to top button