വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് മാളിക്കടവിൽ ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതി ജീവനൊടുക്കിയതാണെന്നാണ് ഭാര്യയോടും പോലീസിനോടും ആദ്യം വൈശാഖൻ പറഞ്ഞത്
വൈശാഖനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിക്കും. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പോലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് കൂടി ചുമത്തി മറ്റൊരു എഫ്‌ഐആർ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു
16 വയസ് മുതൽ വൈശാഖൻ തന്നെ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ വൈശാഖൻ ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് തന്റെ വർക്ക് ഷോപ്പിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ഇരുവരും സ്റ്റൂളുകൾക്ക് മുകളിൽ കയറി കഴുത്തിൽ കുരുക്കിട്ടു. പെട്ടെന്ന് താഴെ ഇറങ്ങിയ വൈശാഖൻ യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു
ലൈംഗിക വൈകൃതത്തിന് അടിമയായ വൈശാഖൻ യുവതി കയറിൽ കിടന്ന് ജീവനായി പിടയുമ്പോഴും ഇവരെ ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് കയർ അറുത്ത് താഴെ ഇറക്കിയിട്ട് മൃതദേഹവുമായി ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും വിവരമുണ്ട്.



