Kerala

മോർഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങൾ കാണിച്ച് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; മൂന്ന് യുവാക്കൾ പിടിയിൽ

കൊണ്ടോട്ടി: കോളേജ് വിദ്യാർഥിനിയുടെ മോർഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച മൂന്ന് യുവാക്കളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശികളായ കൊട്ടപ്പുറം പുത്തൻവീട്ടിൽ മുഹമ്മദ് തസ്രീഫ് (21), കൊട്ടപ്പുറം തയ്യിൽ മുഹമ്മദ് നിദാൽ (21), പുളിക്കൽ ചോലക്കാതൊടി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരാണ് പിടിയിലായത്.

കോളേജ് വിദ്യാർഥിനിയുടെ മുഖം മോർഫ് ചെയ്ത് നഗ്‌ന ദൃശ്യങ്ങളുണ്ടാക്കി വ്യാജ ഇൻസ്റ്റാഗ്രാം ഐഡി വഴി പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയും, 5 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ സ്കൂൾ പഠനകാലത്തെ സീനിയർ വിദ്യാർത്ഥിയായിരുന്നു പ്രധാന പ്രതിയായ മുഹമ്മദ് തസ്രീഫ്. ഇയാൾ ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെൺകുട്ടിയുടെ ഐഡിയിലേക്ക് സന്ദേശങ്ങളും വീഡിയോ ദൃശ്യങ്ങളും അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

പെൺകുട്ടി കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് പെൺകുട്ടിയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും, പെൺകുട്ടി തന്റെ ആഭരണങ്ങൾ കൈമാറാൻ പോവുകയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വർണം കൈക്കലാക്കിയ ഒന്നാം പ്രതിയെ മഫ്തിയിലുണ്ടായിരുന്ന പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

ഇയാളുടെ ഫോൺ പരിശോധിച്ചതിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടും പെൺകുട്ടിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങളും കണ്ടെത്തി. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കൂട്ടുപ്രതികളുടെ പങ്ക് വെളിവാകുകയും, അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കൊണ്ടോട്ടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.കെ. സന്തോഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്.സി.പി.ഒ. അബ്ദുള്ള ബാബു, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അമർനാഥ്, ഋഷികേശ്, സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

See also  140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ നടത്താൻ എൽഡിഎഫ് തീരുമാനം; ധർമ്മടത്ത് മണ്ഡലം ജാഥയിൽ പിണറായി വിജയൻ ക്യാപ്റ്റൻ

Related Articles

Back to top button