Kerala

ഔദ്യോഗിക പരിപാടികളിൽ നിശ്ചിത ബിംബങ്ങളും ചിത്രങ്ങളും മാത്രം; ഗവർണർക്ക് ശുപാർശ നൽകാൻ സർക്കാർ

ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഔദ്യോഗിക പരിപാടികളില്‍ നിശ്ചയിക്കപ്പെട്ട രീതിക്ക് ഭിന്നമായ ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശിപാര്‍ശ നല്‍കുന്നത്. കൃഷി വകുപ്പിന്റെ റിപോര്‍ട്ടില്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങി. വിഷയത്തില്‍ പൊതുഭരണ വകുപ്പിനോടും നിയമവകുപ്പിനോടും നിര്‍ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ട് അടങ്ങിയ ഫയലിലാണ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം ആവശ്യപ്പെട്ടത്. അഭിപ്രായം ലഭിച്ച ശേഷം മന്ത്രിസഭ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിച്ചേക്കും. ഭാവിയില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ നടപടി ഉചിതമായിരിക്കുമെന്ന് കൃഷി വകുപ്പ്.

പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് രാജ്ഭവന്‍ നിര്‍ദേശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഇതില്‍ വിസമ്മതിച്ചുകൊണ്ട് രാജ്ഭവനില്‍ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് മാറ്റിയിരുന്നു. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കൃഷി വകുപ്പ് ചീഫ് സെക്രട്ടറിക്ക് നല്‍കി. ഈ റിപ്പോര്‍ട്ടില്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സ്വീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ നിലവിലുള്ള രീതിക്ക് ഭിന്നമായ ബിംബങ്ങളും ചിത്രങ്ങളും സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കണം എന്നാണ് കൃഷി വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.

ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കുമെന്ന ഗവര്‍ണറുടെ നിലപാട് ഭാവിയില്‍ സര്‍ക്കാര്‍ -രാജ്ഭവന്‍ സംഘര്‍ഷം രൂക്ഷമാക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. സര്‍വകലാശാലകളുടെ ബിരുദദാന പരിപാടികളില്‍ ഗവര്‍ണര്‍ പങ്കെടുക്കുമ്പോള്‍ ഈ നിബന്ധന ആവര്‍ത്തിക്കുമോ എന്നുള്ള ആശങ്ക ഉള്‍പ്പടെ ഉയര്‍ന്നിരുന്നു. ഇത് മറികടക്കാന്‍ സര്‍ക്കാര്‍ പരിപാടികളില്‍ ഏതൊക്കെ ചിഹ്നങ്ങള്‍ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യം ഉയരുകയും ചെയ്തു.

ഭാരതാംബയുടെ ചിത്രം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് രാജ് ഭവന്റെ പ്രതികരണം. എന്നാല്‍ സര്‍വകലാശാലകളുടെ പരിപാടിയിലും മറ്റും പുഷ്പാര്‍ച്ചന വേണമെന്ന് നിഷ്‌കര്‍ഷിക്കില്ലെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

The post ഔദ്യോഗിക പരിപാടികളിൽ നിശ്ചിത ബിംബങ്ങളും ചിത്രങ്ങളും മാത്രം; ഗവർണർക്ക് ശുപാർശ നൽകാൻ സർക്കാർ appeared first on Metro Journal Online.

See also  നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നു

Related Articles

Back to top button