വാഹന പാർക്കിംഗിനെ ചൊല്ലി തർക്കം; 73കാരനായ വാച്ച്മാനെ മർദിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

ആലുവയിൽ സൂപ്പർ മാർക്കറ്റിന് മുന്നിൽ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്‌കൂട്ടർ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതിന് സുരക്ഷാ ജീവനക്കാരന് യൂത്ത് കോൺഗ്രസ് നേതാവിന്റെ മർദനം. ആലുവ ആശാൻ ലൈൻ അന്നപ്പിള്ളി ബാലകൃഷ്ണനാണ്(73) മർദനമേറ്റത്. യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം എറണാകുളം ജില്ലാ കോർഡിനേറ്റർ കെ ബി ഇജാസാണ് ഇദ്ദേഹത്തെ മർദിച്ചത്
ഇജാസിനെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച നടന്ന മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആലുവ ചെമ്പകശ്ശേരി ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റിന്റെ പാർക്കിംഗ് ഏരിയയിലാണ് സംഭവം. ഈ സൂപ്പർ മാർക്കറ്റിലെ സുരക്ഷാ ജീവനക്കാരനാണ് ബാലകൃഷ്ണൻ
കാർ പാർക്ക് ചെയ്യുന്നിടത്ത് സ്‌കൂട്ടർ വെക്കരുതെന്നും നീക്കി വെക്കണമെന്നും ഇജാസിന്റെ സുഹൃത്തിനോട് ബാലകൃഷ്ണൻ പറഞ്ഞു. ഈ സമയം സ്ഥലത്തെത്തിയ ഇജാസ് ബാലകൃഷ്ണനോട് തട്ടിക്കയറുകയും പിന്നാലെ മർദിക്കുകയുമായിരുന്നു. മുഖത്തും നെഞ്ചിലും മർദനമേറ്റ ബാലകൃഷ്ണന്റെ ഒരു പല്ല് ഇളകിപ്പോയി. കണ്ണാടിയുടെ ചില്ല് പൊട്ടി തറച്ച് കണ്ണിനും പരുക്കേറ്റു.
The post വാഹന പാർക്കിംഗിനെ ചൊല്ലി തർക്കം; 73കാരനായ വാച്ച്മാനെ മർദിച്ച് യൂത്ത് കോൺഗ്രസ് നേതാവ് appeared first on Metro Journal Online.