പുണ്യങ്ങളുടെ പൂക്കാലമായ റംസാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

അരീക്കോട്: റംസാൻ മാസം പടി വാതിൽക്കൽ എത്തി നിൽക്കുമ്പോൾ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഇസ്‌ലാം മത വിശ്വാസികൾ. മാനത്ത് റംസാനമ്പിളി തെളിയുന്നതോടെ നോമ്പുകാലം തുടങ്ങും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും വ്രതാരംഭം. ഒരു മാസം നീണ്ടു നിൽക്കുന്ന നോമ്പിലൂടെ മനസ്സും ശരീരവും സമ്പത്തുമെല്ലാം ശുദ്ധീകരിച്ച് പുതിയൊരു മനുഷ്യനാകാനാകും വിശ്വാസികളുടെ ശ്രമം. റംസാനെ വരവേൽക്കാൻ വിശ്വാസി സമൂഹം നേരത്തേ തന്നെ ഒരുക്കങ്ങൾ തുടങ്ങി. പള്ളികളും വീടുകളും ശുദ്ധീകരിച്ചു. കൂടുതൽ പുണ്യ കർമങ്ങളിലൂടെ കൂടുതൽ പ്രതിഫലം നേടാൻ മനസ്സിനെ പാകപ്പെടുത്തി. റംസാന് മുന്നോടിയായി പലയിടത്തും പ്രത്യേക ക്ലാസുകളും പ്രഭാഷണവും നടന്നു.
‘കരിയിച്ചു കളയുക’ എന്നാണ് റംസാൻ എന്ന അറബി വാക്കിൻ്റെ അർഥം. വ്രതം അനുഷ്ഠിക്കുന്നവരിൽ നിന്നു വന്നിട്ടുള്ള കുറ്റങ്ങളെ കരിയിച്ചു കളയുമെന്നുസാരം. റംസാൻ മാസത്തിൽ ഒരു നന്മ ചെയ്യുമ്പോൾ അതിന് പത്തു മുതൽ എഴുപത്, എഴുന്നൂറ്, എഴുപതിനായിരം മടങ്ങ് പ്രതിഫലം കിട്ടുമെന്നാണ് വിശ്വാസം. അതു കൊണ്ടു തന്നെ ദാനധർമങ്ങളും ജീവകാരണ്യ പ്രവർത്തനങ്ങളും വ്യാപകമാകും. പള്ളികളിൽ രാത്രി തറാവീഹ് നമസ്കാരവും ഉണ്ടാകും. പള്ളികളിലും പൊതു സ്ഥലങ്ങളിലും ഇഫ്‌താറിനുള്ള (നോമ്പുതുറ) സൗകര്യങ്ങളും ഒരുക്കും. യാത്രക്കാർക്ക് നോമ്പു തുറക്കാൻ റോഡരികിലും സംഘടനകൾ സംവിധാനം ഒരുക്കുന്നുണ്ട്. നോമ്പ് എടുക്കുന്നവർ കനത്ത ചൂടിനെ മറി കടക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.