Kerala

20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കിൽ സാധുതയില്ല: ഹൈക്കോടതി

കൊച്ചി: ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് നിയമസാധുത കിട്ടണമെങ്കിൽ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നൽകുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകൾക്ക് ഈടായി നൽകിയ ചെക്കുകൾ ഹാജരാക്കുന്ന കേസുകൾ നിലനിൽക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

പണമായി നൽകിയ 9 ലക്ഷം രൂപയുടെ വായ്പക്ക് ഈടായി നൽകിയ ചെക്ക് മടങ്ങിയതിന്റെ പേരിൽ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവിന് മുൻകാല പ്രാബല്യമുണ്ടാകില്ല. വിചാരണ പൂർത്തിയായ കേസുകൾക്ക് ഉത്തരവ് ബാധകമായിരിക്കില്ല.പത്തനംതിട്ട സ്വദേശി പി.സി. ഹരിയാണ് വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തത്. ചെക്ക് മടങ്ങിയതിന് പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതി ഹർജിക്കാരനെ ഒരു വർഷം തടവിനും 9 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇത് അഡീഷണൽ സെഷൻസ് കോടതിയും ശരിവച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 9 ലക്ഷംരൂപ വായ്പ നൽകിയെന്നത് കളവാണെന്നും പരാതിക്കാരന് ഇതിനുള്ള വരുമാനമാർഗമില്ലെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്.വായ്പാ തുക പണമായി നൽകിയതിന്റെ പേരിൽ ചെക്കുകേസ് ഇല്ലാതാകില്ലെന്നായിരുന്നു പരാതിക്കാരൻ ഷൈൻ വർഗീസിന്റെ വാദം. ഇൻകം ടാക്‌സ് ആക്ട് പ്രകാരം 20,000 രൂപയിൽ കൂടുതലുള്ള തുക ബാങ്ക് അക്കൗണ്ട് വഴി മാത്രമേ കൈമാറാവൂവെന്ന് കോടതി വ്യക്തമാക്കി. നിയമവിരുദ്ധ പണം കൈമാറ്റത്തെ നിയമപരമായ വായ്പയായി കണക്കാക്കാനാകില്ല. അതല്ലെങ്കിൽ പണമായി നൽകാനുള്ള കാരണം വ്യക്തമാക്കണമായിരുന്നു.

ഡിജിറ്റൽ ഇന്ത്യ ആശയത്തിനെതിര്

അക്കൗണ്ട് പേ ചെക്ക്, അക്കൗണ്ട് പേ ബാങ്ക് ഡ്രാഫ്റ്റ്, അതല്ലെങ്കിൽ ഇലക്ട്രോണിക് ക്ലിയറിംഗ് സംവിധാനം എന്നിവയിലൂടെ മാത്രമേ 20,000ൽ അധികമുള്ള തുക കൈമാറാനാകൂയെന്ന് ഹൈക്കോടതി വ്യക്തമാക്കി.കോടതിയിലൂടെ കള്ളപ്പണം വെളിപ്പിക്കുന്ന സ്ഥിതിയുണ്ടാകാൻ പാടില്ല. സമാന്തര സമ്പദ് വ്യവസ്ഥയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഡിജിറ്റൽ ഇന്ത്യ’ എന്ന ആശയത്തിനും അത് എതിരാകും. ഒരു ദിവസം രണ്ട് ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടത്തുന്നതിലും നിയന്ത്രണമുണ്ട്. വലിയ തുക ബാങ്ക് അക്കൗണ്ട് വഴിയല്ല കൈമാറുന്നതെങ്കിൽ തത്തുല്യമായ തുക പിഴയൊടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

The post 20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കിൽ സാധുതയില്ല: ഹൈക്കോടതി appeared first on Metro Journal Online.

See also  പിവി അൻവറുമായി ഇനി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദൻ

Related Articles

Back to top button