അതിവേഗ റെയിലിനായി ശ്രമം വിടാതെ ഇ ശ്രീധരൻ; പൊന്നാനിയിൽ ഓഫീസ് ഉദ്ഘാടം ചെയ്യും

കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി യാഥാർഥ്യമാക്കാനുള്ള നീക്കങ്ങൾ സ്വന്തം നിലയ്ക്ക് ഊർജിതമാക്കി ഇ ശ്രീധരൻ. പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ മലപ്പുറം പൊന്നാനിയിൽ തുറക്കും. ശ്രീധരൻ തന്നെ ഇടുന്ന ഓഫീസ് ശ്രീധരൻ തന്നെയാണ് ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര ബജറ്റിൽ പദ്ധതിയെ കുറിച്ച് പ്രഖ്യാപനമില്ലാത്തത് തന്നെ ബാധിക്കില്ലെന്നാണ് ശ്രീധരൻ പറയുന്നത്
റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയെ കുറിച്ച് പൊതുജനങ്ങൾക്കിടയിലുള്ള സംശയങ്ങൾ ദുരീകരിക്കാനാണ് ആദ്യഘട്ടത്തിൽ ഓഫീസ് ഉപയോഗിക്കുക. ഫെബ്രുവരി 15 മുതൽ പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ യോഗങ്ങൾ ആരംഭിക്കും. ആദ്യ യോഗങ്ങൾ മലപ്പുറത്തായിരിക്കും.
ജനുവരി 16ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇ ശ്രീധരൻ അറിയിച്ചു. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് 3-4 ദിവസത്തിനുള്ളിൽ ഡിഎംആർസിക്ക് ലഭിക്കും. റെയിൽവേ മന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



