നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരത്തിന്റെ ഓഫീസ്; സ്ഥിരീകരിക്കാതെ കേന്ദ്രം

സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചു. യെമനിലെ സനായിൽ നടന്ന ഉന്നതതല ചർച്ചകൾക്കൊടുവിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായതെന്നാണ് കാന്തപുരം ഓഫീസിൽ നിന്നുള്ള റിപ്പോർട്ട്. എന്നാൽ, ഈ വിവരം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായി നടന്ന ചർച്ചകൾക്കൊടുവിലാണ് വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്നാണ് കാന്തപുരം ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ശൈഖ് ഉമർ ഹഫീൾ തങ്ങൾ നിയോഗിച്ച യെമൻ പണ്ഡിത സംഘവും, വടക്കൻ യെമനിലെ സർക്കാർ ഉദ്യോഗസ്ഥരും, അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത ചർച്ചകളിലാണ് ഈ തീരുമാനം എടുത്തതെന്നാണ് വിവരം.
നേരത്തെ, ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് ഇത് താൽക്കാലികമായി നീട്ടിവെച്ചിരുന്നു. ഈ നീട്ടിവെക്കൽ സംബന്ധിച്ച ഉത്തരവും കാന്തപുരം ഓഫീസാണ് ആദ്യമായി പുറത്തുവിട്ടത്.
2017-ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. സാമ്പത്തിക തർക്കങ്ങളും പീഡനങ്ങളും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് നിമിഷപ്രിയയുടെ വാദം. വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ബ്ലഡ് മണി നൽകാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും, കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിമിഷപ്രിയയുടെ കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്നവർക്കും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. എന്നാൽ, യെമൻ അധികൃതരിൽ നിന്നുള്ള ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റ് കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുക.