Kerala

പുതുക്കാട് അപകടമരണം: മനപ്പൂർവം ഇടിച്ചുകൊലപ്പെടുത്തിയെന്ന് കുടുംബം

തൃശ്ശൂർ പുതുക്കാട് സിഗ്നലിന് സമീപം പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികനായ 22-കാരൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. റോഡിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് റിജാസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പിക്കപ്പ് വാൻ മനപ്പൂർവം ഇടിച്ചുകയറ്റിയാണ് കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച ദേശീയപാതയിലെ പുതുക്കാട് സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. പിറകിലൂടെ എത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തിൽ മരിച്ച പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസും പിക്കപ്പ് വാനിലുണ്ടായിരുന്നവരും തമ്മിൽ നേരത്തെ ചാലക്കുടിയിൽ വച്ച് വാക്കുതർക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. തർക്കത്തിന് പിന്നാലെ പിക്കപ്പ് വാൻ ബൈക്കിനെ പിന്തുടർന്ന് മനപ്പൂർവം ഇടിച്ചുകയറ്റുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിൽ വാഹനം ട്രാക്ക് മാറ്റി ബൈക്കിലേക്ക് തിരിയുന്നതായും കുടുംബം ചൂണ്ടിക്കാട്ടുന്നു.

അപകടത്തിൽ റിജാസ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ബൈക്കിലുണ്ടായിരുന്ന പാലക്കാട് സ്വദേശിനി ഗ്രീഷ്മ ചികിത്സയ്ക്ക് ശേഷം സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോഴാണ് പിക്കപ്പ് വാൻ തിരിച്ചറിഞ്ഞതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. അപകടസമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന വിവരവും പോലീസിന് കൈമാറിയിട്ടുണ്ടെന്ന് കുടുംബം പറയുന്നു.

നിലവിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് പുതുക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, ബന്ധുക്കളുടെ പരാതിയും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

See also  വയനാടും കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Related Articles

Back to top button