ട്രംപിന് തിരിച്ചടി; താരിഫുകൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി

താരിഫ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി വിലയിരുത്തി. താരിഫ് ചുമത്താൻ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്ന് കോടതി പറഞ്ഞു.
ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നത്. ട്രംപ് അധികാരം മറികടന്നെന്നും കോടതി വിലയിരുത്തിരുന്നു. ഇതിനെതിരെ ഭരണകൂടം അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെയ്ക്കുകയായിരുന്നു. അപ്പീൽ നൽകുന്നതിന് ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ പതിനാല് വരെ വിധി പ്രാബല്യത്തിലാകില്ല.
അപ്പീൽ കോടതി വിധിക്കെതിരെ ട്രംപ് രംഗത്തെത്തി. വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. വിധി അംഗീകരിക്കുന്നത് അമേരിക്കയെ ദുരന്തത്തിലേയ്ക്ക് തള്ളിവിടുന്നതിന് തുല്യമാകും. താരിഫുമായി മുന്നോട്ടുപോകും. അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. താരിഫ് പോരാട്ടത്തിൽ വിജയിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
The post ട്രംപിന് തിരിച്ചടി; താരിഫുകൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി appeared first on Metro Journal Online.



