ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് എൻഎം വിജയന്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു; കൈ ഞരമ്പ് മുറിച്ചു

വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻഎം വിജയന്റെ മരുമകൾ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു. കൈഞരമ്പ് മുറിച്ച പത്മജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പാർട്ടി വഞ്ചിച്ചെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നു
നേതാക്കൾ പറഞ്ഞ് പറ്റിച്ചെന്ന് പത്മജ ഇന്നലെ പറഞ്ഞിരുന്നു. ടി സിദ്ധിഖും കോൺഗ്രസും തങ്ങളെ പറ്റിച്ചു. പറഞ്ഞ പണം തന്നില്ല. തന്റെ ഭർത്താവ് ആശുപത്രിയിലായിരുന്നപ്പോൾ ബിൽ അടക്കാമെന്ന് ടി സിദ്ധിഖ് പറഞ്ഞിരുന്നു. എന്നാൽ ഇതുണ്ടായില്ല
താൻ ഫോൺ വിളിച്ചപ്പോൾ എടുത്തില്ല. ജൂൺ 30നുള്ളിൽ പാർട്ടി വാഗ്ദാനം ചെയ്ത തുക നൽകുമെന്ന് എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നു. എന്നാൽ തങ്ങളറിയാതെ എംഎൽഎയുടെ പിഎ ആ എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപോയി. കോൺഗ്രസ് എന്ന പാർട്ടിയെ വിശ്വസിക്കുന്നവർ മരിക്കുന്നുവെന്നും പത്മജ പറഞ്ഞിരുന്നു
കഴിഞ്ഞ ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു