വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു; കെപിസിസി നിർദേശപ്രകാരമെന്ന് സൂചന

വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം എൻ ഡി അപ്പച്ചൻ രാജിവെച്ചു. കെപിസിസി നിർദേശപ്രകാരമാണ് രാജി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രാജി സ്വീകരിച്ചിട്ടുണ്ട്. കൽപ്പറ്റ നഗരസഭ ചെയർമാൻ കൂടിയായ ടി ജെ ഐസകിന് ഡിസിസി പ്രസിഡന്റിന്റെ ചുമതല നൽകി
വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ രണ്ട് പക്ഷമായി ചേരിതിരിഞ്ഞ് കൊമ്പുകോർക്കുന്നത് സംബന്ധിച്ച് ജില്ലയിലെ നേതാക്കൾക്ക് കെപിസിസി നേരത്തെ താക്കീത് നൽകിയിരുന്നു. എൻഡി അപ്പച്ചന്റെ കീഴിലുള്ള ഔദ്യോഗിക വിഭാഗത്തിനെതിരെ ഐസി ബാലകൃഷ്ണൻ എംഎൽഎ പക്ഷത്തുള്ള നേതാക്കൾ രംഗത്തുവന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു
ഈ പശ്ചാത്തലത്തിലാണ് എൻ ഡി അപ്പച്ചനോട് രാജിവെക്കാൻ നേതൃത്വം ആവശ്യപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വയനാട്ടിൽ പ്രശ്‌നപരിഹാരമുണ്ടാകണമെന്ന് ഹൈക്കമാൻഡ് കെപിസിസിയോട് നിർദേശിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലെ തർക്കങ്ങൾ ഗൗരവത്തോടെയാണ് ഹൈക്കമാൻഡും നോക്കിക്കാണുന്നത്.