Kerala
കാസർകോട് വീട്ടുമുറ്റത്ത് പുലി; പേടിച്ച് നിലവിളിച്ച് രണ്ട് വയസുകാരൻ, രക്ഷപ്പെട്ടത് തലനാരിഴക്ക്

കാസർകോട് കുട്ടിയാനത്ത് വീട്ടുമുറ്റത്ത് എത്തിയ പുലിയിൽ നിന്ന് രണ്ട് വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. പുലി കോഴിയെ പിടിച്ചു കൊണ്ടു പോകുമ്പോൾ തൊട്ടടുത്ത് നിന്ന് രണ്ട് വയസുകാരൻ ആയുഷ് കളിക്കുന്നുണ്ടായിരുന്നു.
കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അശോകൻ-കാവ്യ ദമ്പതികളുടെ മകനാണ് ആയുഷ്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആയുഷ് ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ് അമ്മ കാവ്യ പുറത്തേക്ക് നോക്കിയത്. അപ്പോഴാണ് മുറ്റത്ത് പുലിയെ കണ്ടത്
ആദ്യമൊന്ന് ഞെട്ടിയെങ്കിലും കാവ്യ ഉടൻ കുട്ടിയെ എടുത്ത് വീടിനുള്ളിലേക്ക് കയറി. ഇതോടെ പുലി കോഴിയെ പിടികൂടി കാട്ടിലേക്ക് ഓടിമറഞ്ഞു. സംഭവസമയത്ത് അശോകൻ ജോലിക്ക് പോയിരിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാൽപാടുകൾ പുലിയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു