നടൻ അമിത് ചക്കാലക്കലിനെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസ്

ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ നീക്കം. വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസ് വീണ്ടും വിളിപ്പിക്കും. കോയമ്പത്തൂർ സംഘവുമായുള്ള അമിതിന്റെ ബന്ധം അന്വേഷിക്കും. താരങ്ങൾക്ക് വാഹനം എത്തിച്ചു നൽകുന്നതിൽ അമിത്തിന് പങ്കുണ്ടോ എന്ന കാര്യങ്ങളിലടക്കമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്റെ ആർസി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാർഥ ഉടമയെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്.
റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. ഇതുവരെ കണ്ടെത്തിയത് 38 വാഹനങ്ങളാണ്. പരിശോധനയ്ക്ക് പിന്നാലെ കള്ളക്കടത്ത് വാഹനങ്ങൾ പലരും ഒളിപ്പിക്കാനും വിൽക്കാനും ശ്രമിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി.