കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന; സിപിഎം നാളെ കരിദിനം ആചരിക്കും

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ സിപിഎം നാളെ കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്യും. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം നിലനിൽക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
ബജറ്റിന് മുമ്പ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കേരളം 29 ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ഒന്നുപോലും പരിഗണിച്ചില്ല. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന് ലഭിച്ചില്ല. കേരളത്തിന്റെ സ്വപ്നമായ എയിംസ് ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല.
റെയിൽവെ വികസനത്തിനായുള്ള 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള. പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുർവ്വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ആയുർവേദ എയിംസ് ഇല്ല. ഉൾനാടൻ ജല ഗതാഗത പദ്ധതിയിലും കേരളമില്ലെന്ന് സിപിഎം കുറ്റപ്പെടുത്തി.



