Kerala
കാസർകോട് കടുമേനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; വീടിന് കേടുപാടുകൾ

കാസർകോട് ചിറ്റാരിക്കാൽ കടുമേനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി വെണ്ണിയേക്കരയിലാണ് ഇടിമിന്നലിൽ നാശനഷ്ടങ്ങളുണ്ടായത്. വെണ്ണിയേക്കരയിലെ പൂച്ചാലിൽ തോമസിന്റെ വീടിന് ഇടിമിന്നലേറ്റു.
വീട്ടുമുറ്റത്ത് നിന്ന തെങ്ങിനാണ് മിന്നൽ വീണത്. ഇതിന്റെ ആഘാതം വീടിനും സംഭവിച്ചു. തെങ്ങിന്റെ മേൽഭാഗം മിന്നലേറ്റ് ചിതറിയ നിലയിലാണ്. വീട്ടുമുറ്റത്ത് വിള്ളൽ വീണിട്ടുണ്ട്. മുറ്റത്തിട്ടിരുന്ന ടൈൽസുകളും പൊട്ടിത്തെറിച്ചു.
കൂടാതെ വീടിന്റെ ജനൽച്ചില്ലുകളും തകർന്നു. ഇടിയുടെ ആഘാതത്തിൽ വീടിന്റെ മതിലിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തുള്ള വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചു.