അബിൻ വർക്കിയുടെ വേദന സ്വാഭാവികം; തന്നോടും സമാന പെരുമാറ്റമുണ്ടായി, ഒരു ദിവസം തുറന്ന് പറയും: ചാണ്ടി ഉമ്മൻ

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കാമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. അബിൻ അർഹത ഉള്ള വ്യക്തിയാണെന്നും അബിന്റെ വേദന സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അബിന്റെ അഭിപ്രായം പരിഗണിച്ചു വേണമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും അദേഹം പറഞ്ഞു.
എന്താണ് തീരുമാനത്തിന് കാരണമെന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴൊന്നും പറയാനില്ല. തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയാം. തന്നോടും സമാനമായ പെരുമാറ്റമുണ്ടായി. പിതാവിന്റെ ഓർമ ദിവസം തന്നെ പുറത്താക്കി. ദേശീയ ഔട്ട് റീച്ച് സെൽ ചുമതലയിൽ നിന്ന് നീക്കിയത് അറിയിക്കാതെയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു
ഇത് മാനസികമായി വളരെ വിഷമമുണ്ടാക്കി. ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ല. തന്നോട് പറഞ്ഞിരുന്നുവെങ്കിൽ രാജിവെച്ച് ഒഴിയുമായിരുന്നു. തന്നെ പുറത്താക്കിയത് ആരാണെന്നും അതിന് കാരണമെന്താണെന്നും എല്ലാവർക്കും അറിയാം. അതാരാണെന്ന് ഒരു ദിവസം പറയുമെന്നും ചാണ്ടി ഉമ്മൻ തുറന്നടിച്ചു.