തൃശ്ശൂരിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു; ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം

തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കൽ വീട്ടിൽ ഇല്യാസ് മുഹമ്മദാണ്(41) മരിച്ചത്. മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ഗുരുവായൂർ റോഡിലെ ഇട്ടിമാണി ആശുപത്രിയിലാണ് സംഭവം
ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് ഇല്യാസിന് ജീവൻ നഷ്ടമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. അനസ്‌തേഷ്യയിൽ പിഴവ് സംഭവിച്ചതായി ഇവർ പറയുന്നു. ആശുപത്രിയിൽ രാത്രി വൈകിയും പ്രതിഷേധം തുടർന്നു. ആശുപത്രിക്കെതിരെ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു
ഇന്നലെ വൈകിട്ട് നാലരയോടെയാണ് ചികിത്സക്കായി ഇല്യാസ് ആശുപത്രിയിലെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് നിർദേശിക്കുകയായിരുന്നു. രാത്രി എട്ടരയോടെ യുവാവ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഓപറേഷനിടെ ശ്വാസം എടുക്കാനുണ്ടായ ബുദ്ധിമുട്ടിനെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.