ആശ വർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്, അറസ്റ്റും

വേതന വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം ആശാ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളഞ്ഞ് പ്രതിഷേധിച്ചു. ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ എട്ടു മാസമായി സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൾ സമരം നടത്തി വരികയാണ് ഒരു വിഭാഗം ആശാ വർക്കർമാർ.
മുഖ്യമന്ത്രിയെ കാണാതെ പിരിഞ്ഞു പോകില്ലെന്നാണ് ഇവരുടെ നിലപാട്. സമരം അവസാനിപ്പിക്കാൻ അഞ്ച് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും ആശമാർ ക്ലിഫ് ഹൗസിന് മുന്നിൽവെച്ച ബാരിക്കേഡ് മറികടന്നു. യുഡിഎഫ് സെക്രട്ടറി സിപി ജോണിനെയും ആശ സമര നേതാവ് എസ് മിനി, എം എ ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് അവർ മുന്നോട്ട് പോകാൻ ശ്രമിച്ചു. ഇതേ തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റ് ചെയ്തവരെ പിന്നീട് സമീപത്തെ എ പി സി. ക്യാമ്പിലേക്ക് മാറ്റി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസ് പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.