അരിശം തീരാതെ ട്രംപ്; തനിക്ക് നൊബേൽ ലഭിക്കാതിരിക്കാൻ ഇടപെട്ടത് നോർവേ സർക്കാർ

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിലെ അമർഷം വീണ്ടും പ്രകടമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. നോർവീജിയൻ സർക്കാരിനെ ഉന്നം വെച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. നോർവീജിയൻ സർക്കാർ തനിക്ക് മനഃപൂർവ്വം നൊബേൽ സമ്മാനം നൽകാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
നൊബേൽ സമ്മാനത്തിൽ സർക്കാരിന് ഒരു അധികാരവും ഇല്ലെന്ന് നോർവേ പ്രധാനമന്ത്രി ജൊനാസ് ഗഹ്ര് വ്യക്തമാക്കിയിട്ടും ട്രംപ് നോർവേ സർക്കാരിനെ ഉന്നം വെക്കുകയായിരുന്നു. ഓരോ യുദ്ധം അവസാനിപ്പിച്ചതിനും നൊബേൽ സമ്മാനം ലഭിക്കേണ്ടതായിരുന്നു. പക്ഷേ ഞാൻ അത് പറയില്ല. ഞാൻ ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിച്ചു. നൊബേൽ സമ്മാനത്തെ നോർവേ നിയന്ത്രിക്കുന്നില്ലെന്ന് പറയരുത്. നോർവേയ്ക്ക് അതിൽ ഒരു നിയന്ത്രണമുണ്ട്’, ട്രംപ് പറഞ്ഞു.
സമാധാനത്തിനുള്ള നോബേൽ സമ്മാനം തനിക്ക് സമ്മാനിച്ച വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയെയും ട്രംപ് പ്രശംസിച്ചു. തനിക്ക് മരിയയോട് ബഹുമാനമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഈ പുരസ്‌കാരത്തിന് അർഹയല്ലെന്നും താനാണ് അർഹനെന്നും മരിയ പറഞ്ഞതായി ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം നൊബേൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാൻ പറ്റില്ലെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.



