ബ്രാഹ്മണർ അല്ലാത്തവർക്കും ക്ഷേത്രം ശാന്തിമാരാകാം; തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു

ബ്രാഹ്മണർ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജ്ഞാപനം ശരിവെച്ച് ഹൈക്കോടതി. തന്ത്രി സമാജത്തിൽ നിന്ന് താന്ത്രിക വിദ്യ പഠിച്ചവർക്ക് മാത്രമേ നിയമനം നൽകാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി.
പാർട്ട് ടൈം ശാന്തി നിയമന ചട്ടങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വരുത്തിയ മാറ്റം നിയമപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജാതിവിവേചനം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും ശാന്തി നിയമനം തന്ത്രി കുടുംബത്തിന്റെ പാരമ്പര്യ അവകാശം അല്ലെന്നും ദേവസ്വം ബോർഡ് വാദിച്ചിരുന്നു
ശാന്തി നിയമനത്തിനുള്ള യോഗ്യ നിശ്ചയിക്കാനും ചട്ടങ്ങൾ രൂപീകരിക്കാനുമുള്ള വൈദഗ്ധ്യം റിക്രൂട്ട്‌മെന്റ് ബോർഡിന് ഇല്ലെന്നും മാനദണ്ഡം റദ്ദാക്കണമെന്നും അഖില കേരള തന്ത്രി സമാജം ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി തള്ളുകയായിരുന്നു. ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും ഇല്ലെന്ന് കോടതി വ്യക്തമാക്കി.