മുന്നണി മര്യാദ എന്നുപറഞ്ഞാൽ ഇതല്ല; മുന്നണിയിൽ തുടരുന്ന കാര്യം കമ്മിറ്റി തീരുമാനിക്കുമെന്ന് ബിനോയ് വിശ്വം

ഒരു മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു. മുന്നണിയിൽ തുടരുന്ന കാര്യം കമ്മിറ്റി തീരുമാനിക്കും. അത് കഴിഞ്ഞ് മാധ്യമങ്ങളെ കാണുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കടുത്ത നിലപാടിലേക്ക് സിപിഐ കടന്നേക്കുമെന്നാണ് സൂചന
മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനും ബിനോയ് വിശ്വം ആലോചിക്കുന്നുണ്ട്. പുറത്ത് നിന്ന് പിന്തുണ നൽകിയാൽ മതിയെന്ന നിലപാടിലാണ് നേതാക്കൾ. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന യോഗത്തിൽ നിർണായക തീരുമാനമാകും.
സെക്രട്ടേറിയറ്റ് യോഗത്തിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ബിനോയ് വിശ്വം ആശയവിനിമയം നടത്തും. രണ്ട് വട്ടം എതിർപ്പ് വന്നിട്ടും മാറ്റിവെച്ച പദ്ധതിയിൽ മന്ത്രിസഭയിൽ വിശദീകരിക്കാതെ എന്തിനാണ് വിദ്യാഭ്യാസ മന്ത്രി ഒപ്പുവെച്ചതെന്നാണ് സിപിഐയുടെ ചോദ്യം.



