ഗോളി തന്നെ സെൽഫ് ഗോൾ അടിക്കുന്ന സാഹചര്യമെന്ന് പി സന്തോഷ് കുമാർ എംപി

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാകാനുള്ള ധാരണപത്രം ഒപ്പിട്ടതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ഗോളി തന്നെ സെൽഫ് ഗോൾ അടിക്കുന്ന സാഹചര്യമാണുള്ളതെന്ന് സിപിഐ എംപി പി സന്തോഷ് കുമാർ പറഞ്ഞു. തലയിൽ മുണ്ടിട്ട് പോയി ആരെങ്കിലും ഒപ്പിട്ടുണ്ടെങ്കിൽ അവരാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തമായ ഉത്തരം പറയാനാകുക പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിക്കായിരിക്കും. പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചെന്ന വിവരം അറിയുന്നത് മാധ്യമങ്ങൾ വഴിയാണ്. കഴിഞ്ഞ നാല് വർഷക്കാലമായി ഈ പദ്ധതിയിൽ ഒപ്പിടാതിരുന്നത് നിലപാടുകളിൽ ഊന്നി നടന്നതിനാലാണ്.
വിഷയത്തിൽ പ്രതികരിക്കേണ്ടത് ബന്ധപ്പെട്ട മന്ത്രിയാണ്. പദ്ധതിയെ എതിർക്കുന്നു എന്നത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ നിലപാടാണ്. മുന്നണി മര്യാദകളുടെ ലംഘനമാണ് നടന്നതെന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറവും ഇപ്പുറവും ഒന്നും പറയുന്നില്ലെന്നും പി സന്തോഷ് കുമാർ പറഞ്ഞു.



