Kerala
പാൽച്ചുരം റോഡിൽ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

കണ്ണൂർ കൊട്ടിയൂരിൽ നിന്ന് വയനാട്ടിലേക്കുള്ള പാതയായ പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്‌നാട് സ്വദേശി സെന്തിൽകുമാറാണ്(54) മരിച്ചത്. ലോറിയിലുണ്ടായിരുന്ന ജീവനക്കാരൻ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ പരുക്ക് ഗുരുതരമല്ല
ലോഡുമായി കാസർകോടേക്ക് പോകുകയായിരുന്നു ലോറി. ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്ന് 100 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറി മറിയുന്നതിനിടെ സഹായി പുറത്തേക്ക് തെറിച്ചുവീണതാണ് ഇയാളുടെ ജീവൻ രക്ഷപ്പെടാൻ കാരണമായത്
ഡ്രൈവർ ലോറിക്കുള്ളിൽ തന്നെ കുടുങ്ങിപ്പോകുകയായിരുന്നു. അഗ്നിരക്ഷ സേന, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് സെന്തിൽ കുമാറിനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



