Gulf

കുട്ടികള്‍ക്കിടയിലെ ഫ്‌ളൂ ബാധയെ കരുതിയിരിക്കണമെന്ന് വിദഗ്ധര്‍

അബുദാബി: കുട്ടികള്‍ക്കിടയിലെ ഫ്‌ളൂ ബാധയെ കരുതിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. മൂന്നാഴ്ച നീണ്ട ശൈത്യകാല അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നിട്ട് ആഴ്ചകളായെങ്കിലും പല കുട്ടികളും പനിയും ചുമയും ഉള്‍പ്പെടെയുള്ള ഫ്‌ളൂ ബാധയുമായി മല്ലടിക്കുന്ന സാഹചര്യത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ജനുവരി ആറിന് വിദ്യാലയങ്ങള്‍ അവധി കഴിഞ്ഞ് തുറന്നത് മുതല്‍ കുട്ടികള്‍ക്കിടയില്‍ പതിവിലും കൂടുതല്‍ രോഗ വ്യാപനം ഉണ്ടെന്നാണ് കുട്ടികളുടെ വിദഗ്ധരായ ഡോക്ടര്‍മാര്‍ പറയുന്നത്.

സാധാരണ അവധി കഴിഞ്ഞ് കുട്ടികള്‍ ക്ലാസില്‍ പോകാന്‍ തുടങ്ങിയാല്‍ കണ്ടുവരുന്നതിലും കൂടുതല്‍ കുട്ടികളാണ് രോഗ ലക്ഷണങ്ങളുമായി പീഡിയാട്രിഷ്യന്മാര്‍ക്കരുകിലേക്ക് രക്ഷിതാക്കള്‍ക്കൊപ്പം എത്തുന്നത്. രോഗ ലക്ഷ്ണങ്ങള്‍ കണ്ടാല്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കരുതെന്നും ഇങ്ങനെ ചെയ്തില്ലെങ്കില്‍ കൂടുതല്‍ കുട്ടികളിലേക്ക് രോഗം പകരുന്ന സ്ഥിതിവിശേഷം ഉണ്ടാവുമെന്നും ആരോഗ്യ വിദഗ്ധരും സ്‌കൂള്‍ അധികൃതരും മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് ഫ്‌ളൂ ബാധിച്ച് ആശുപത്രിയില്‍ എത്തുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായതായി ഇന്റെര്‍നാഷ്ണല്‍ മോഡേണ്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനായ ഡോ. അംജദ് മുഹമ്മദ് ഹൈദര്‍ പറഞ്ഞു. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗാവസ്ഥകളുമായി കൂടുതല്‍ കുട്ടികളും ആശുപത്രിയിലേക്ക് എത്തുന്നത്. ഇത്തരം കുട്ടികള്‍ സ്‌കൂളില്‍ വരികയും മറ്റ് കുട്ടികള്‍ക്കൊപ്പം ദീര്‍ഘനേരം ചെലവഴിക്കുകയും ചെയ്താല്‍ രോഗാവസ്ഥ മറ്റുകുട്ടികളിലേക്കും പകരാന്‍ ഇടയാക്കുമെന്നതിനാല്‍ രോഗം ബാധിച്ച കുട്ടികളെ വീടുകളില്‍തന്നെ നിര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ ശുചിത്വം പാലിക്കുകയും ഫ്‌ളൂ പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്യുന്നത് ഏറെ പ്രയോജനപ്പെടുമെന്ന് മെഡ്‌കെയര്‍ റോയല്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ് പീഡിയാട്രീഷ്യനായ ഡോ. അംറ് എല്‍ സവാഹരിയും അഭിപ്രായപ്പെട്ടു. കുട്ടികള്‍ തങ്ങളുടെ കണ്ണുകളും മൂക്കും വായയും ഇടക്കിടെ തൊടുന്ന ശീലം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം ഉപദേശിച്ചു.

The post കുട്ടികള്‍ക്കിടയിലെ ഫ്‌ളൂ ബാധയെ കരുതിയിരിക്കണമെന്ന് വിദഗ്ധര്‍ appeared first on Metro Journal Online.

See also  റെഡ് സീ ഇൻ്റർനാഷണൽ ഒരു അനുബന്ധ സ്ഥാപനത്തിന്റെ പ്രാരംഭ ഓഹരി വിൽപ്പന (IPO) നടത്താൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചു

Related Articles

Back to top button