ഇപി ജയരാജന് ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു, ബിജെപി താത്പര്യപ്പെട്ടില്ല: എപി അബ്ദുള്ളക്കുട്ടി

എം വി ഗോവിന്ദനേയും പി ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകമാണ് ഇ പി ജയരാജന്റെ ആത്മകഥയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. ഗോവിന്ദനോട് കടുത്ത വിരോധമാണ് ഇ പിക്കുള്ളത്. അതുകൊണ്ടാണ് പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത്. പി ജയരാജൻ ഒരു പുസ്തകം എഴുതിയാൽ ഇ പി ജയരാജന്റെ കഥകൾ എല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജന് ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ബിജെപിക്ക് താത്പര്യമില്ലായിരുന്നുവെന്നും എപി അബ്ദുള്ളക്കുട്ടി ആരോപിച്ചു. ഇപി ജയരാജന്റെ പുസ്‌കത്തിലെ ചില വെളിപ്പെടുത്തലുകൾ സംബന്ധിച്ച് സിപിഎമ്മിൽ തന്നെ അതൃപ്തി പുകയുമ്പോഴാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം
അതേസമയം വിമർശനങ്ങളിൽ പ്രതികരണവുമായി ഇപി ജയരാജൻ രംഗത്തുവന്നു. പുസ്തകം വായിച്ചിരുന്നുവെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു. വായിച്ചിട്ടും സംശയമുണ്ടെങ്കിൽ കണ്ണൂരിൽ ഒരു പരിപാടി സംഘടിപ്പിക്കുമെന്നും അവിടെ മറുപടി പറയാമെന്നും ഇപി ജയരാജൻ പറഞ്ഞു



