കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്; അമ്മയെ അറസ്റ്റ് ചെയ്തു

കണ്ണൂർ കുറുമാത്തൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മ മുബഷിറയെയാണ് അറസ്റ്റ് ചെയ്തത്. പൊക്കുണ്ട് ഡയറി ജുമാ മസ്ജിദിന് സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടികെ ജാബിറിന്റെയും മൂലക്കൽ പുതിയ പുരയ്ക്കൽ മുബഷിറയുടെയും മകൻ ആമിഷ് അലനാണ് കിണറ്റിൽ വീണ് മരിച്ചത്
തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീടിന്റെ കുളിമുറിയോട് ചേർന്നുള്ള കിണറ്റിൽ വീണാണ് കുട്ടി മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണെന്നാണ് മുബഷിറ ആദ്യം പറഞ്ഞത്. ഗ്രില്ലും ആൾമറയുമുള്ള കിണറ്റിൽ കുട്ടി വീണെന്ന് പറഞ്ഞതിൽ സംശയം തോന്നിയ പോലീസ് രണ്ട് ദിവസമായി മുബഷിറയെയും ബന്ധുക്കളെയും ചോദ്യം ചെയ്തു വരികയായിരുന്നു
ഇന്ന് രാവിലെയാണ് മുബഷിറയെ അറസ്റ്റ് ചെയ്തത്. ഇവരെ വൈദ്യപരിശോധനകൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. കുട്ടിയെ അമ്മ കിണറ്റിലിട്ടതാണെന്ന് ഇന്നലെ തന്നെ സൂചന ലഭിച്ചിരുന്നു. അതേസമയം കുട്ടിയെ കിണറ്റിലെറിയാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.



