വർക്കല ട്രെയിൻ ആക്രമണം: പ്രതിയെ കീഴ്‌പ്പെടുത്തിയ ചുവന്ന ഷർട്ടുകാരൻ ആര്, ഫോട്ടോ പുറത്തുവിട്ട് റെയിൽവേ പോലീസ്

വർക്കലയിൽ അക്രമി ട്രെയിനിൽ നിന്ന് ചവിട്ടി താഴേക്കിട്ട ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ കണ്ടെത്താൻ റെയിൽവേ പോലീസ്. ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും അക്രമി തള്ളിയിടാൻ ശ്രമിച്ചിരുന്നു.
എന്നാൽ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചു കയറ്റിയതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ഈ പെൺകകുട്ടി പറഞ്ഞിരുന്നു. ഇയാൾ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്‌പ്പെടുത്തിയതും പിന്നീട് റെയിൽവേ പോലീസിന് കൈമാറിയതും. ഇയാളുടെ മൊഴി കേസിൽ നിർണായകമാണ്.
പെൺകുട്ടിയെ രക്ഷിച്ച യുവാവിന്റെ ഫോട്ടോ റെയിൽവേ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പെൺകുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാൾ കൂടിയാണ് ഇയാളെന്നതും കേസിൽ നിർണായകമാണ്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9846200100 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.



