മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എസ് ഐ ടി. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റാന്നി കോടതിയിൽ എസ് ഐ ടി അപേക്ഷ നൽകി. അതേസമയം മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും
ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയും പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അതിനിടെ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ ആറാം പ്രതിയായ ശ്രീകുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് ദേവസ്വം ബോർഡിനെതിരെ ഗുരുതര പരാമർശങ്ങൾ വന്നതോടെയാണ് സർക്കാർ തീരുമാനം.



