തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. കൊല്ലം പന്മന സ്വദേശി വേണുവാണ്(48) ആശുപത്രിയിൽ വെച്ച് മരിച്ചത്. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
എമർജൻസി ആൻജിയോഗ്രാം ചെയ്യാൻ വേണ്ടി വന്നതാണ്. നോക്കാൻ വന്ന ഡോക്ടറോട് ചോദിച്ചപ്പോഴും അവർക്ക് അറിയില്ല. എക്കോ എടുക്കാൻ പോലും അഞ്ച് ദിവസം എടുത്തു. സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകേണ്ട ആശുപത്രി നിരവധി പേരുടെ ശാപം കിട്ടേണ്ട ഭൂമിയായി മാറി. എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഇവിടുത്തെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്
മെഡിക്കൽ കോളേജിലെ അധികൃതരുടെ ഉദാസീനതയോ അലംഭാവം കൊണ്ടോ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പുറംലോകം അറിയണമെന്നും വേണുവിന്റെ ഓഡിയോ സന്ദേശത്തിൽ പറയുന്നു. ഓട്ടോ റിക്ഷ ഡ്രൈവറായിരുന്നു വേണു. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നാണ് ഗുരുതരാവസ്ഥയിലായ വേണുവിനെ തിരുവനന്തപുരത്തേക്ക് അയച്ചത്
ഒക്ടോബർ 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആൻജിയോഗ്രാം ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഡോക്ടർ കുറിച്ച മരുന്നുകൾ ആശുപത്രിയിൽ ഇല്ലെന്ന് നഴ്‌സ് പറഞ്ഞതായും വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു.



