Government

മാലിന്യം വലിച്ചെറിഞ്ഞാൽ 5000 പിഴ; ഗവർണർ ഒപ്പിട്ടു മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം തദ്ദേശ സെക്രട്ടറിക്ക്

തിരുവനന്തപുരം: ശുചിത്വ കേരളം ഉറപ്പാക്കാൻ നിയമസഭ പാസാക്കിയ രണ്ടു ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 5000 രൂപ പിഴ ഈടാക്കാനുള്ള 2024ലെ കേരള പഞ്ചായത്തിരാജ് (ഭേദഗതി), കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകളാണിവ. ബന്ധപ്പെട്ട ഓർഡിനൻസ് മാർച്ച് ആറിന് അസാധുവാകുമായിരുന്നു. സർക്കാർ ഇക്കാര്യമറിയിച്ചതോടെയാണ് ഗവർണർ ഒപ്പിട്ടത്. ഫെബ്രുവരി 13നാണ് ബില്ലുകൾ സഭ പാസാക്കിയത്.

മാലിന്യ നിർമ്മാർജ്ജനത്തിൽ വീഴ്ച വരുത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കും. പിഴയും ഫണ്ടിൽ നിന്നെടുക്കും. വീഴ്ച വരുത്തുന്നത് വ്യാപാരസ്ഥാപനങ്ങളാണെങ്കിൽ, ലൈസൻസ് പുതുക്കി നൽകില്ല. മാലിന്യ സംസ്ക്കരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിക്കായിരിക്കും.വീഴ്ചവരുത്തിയാൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കും. സെക്രട്ടറിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ രണ്ടു ലക്ഷം രൂപ വരെ ചെലവാക്കാൻ അധികാരമുണ്ടായിരിക്കും.നേരത്തെ ഇത് 25000 രൂപയായിരുന്നു.

മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ ഒരു മാസത്തിനുള്ളിൽ നടപ്പാക്കിയില്ലെങ്കിൽ പിഴ ചുമത്തും. യൂസർഫീ നൽകുന്നതിൽ 90 ദിവസത്തിനു ശേഷവും വീഴ്ച വരുത്തിയാൽ, പ്രതിമാസം 50% പിഴയോടുകൂടി വസ്തു നികുതിയോടൊപ്പം കുടിശ്ശികയായി ഈടാക്കാം. യൂസർഫീ യഥാസമയം അടയ്ക്കാത്ത വ്യക്തിക്ക് തദ്ദേശസ്ഥാപനത്തിൽ നിന്നുള്ള യാതൊരു സേവനവും ലഭിക്കില്ല.

100ൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന പൊതുപരിപാടികൾ നടത്തുന്നതിന് മൂന്ന് ദിവസം മുൻപെങ്കിലും തദ്ദേശസ്ഥാപനത്തിൽ അറിയിക്കണം. മാലിന്യം നിശ്ചിത ഫീസ് നൽകി ശേഖരിക്കുന്നവർക്കോ,ഏജൻസികൾക്കോ കൈമാറണം. മാലിന്യസംസ്‌കരണ കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾക്ക്, നികുതിയില്ല. മാലിന്യം വലിച്ചെറിയുന്നത് അറിയിക്കുന്നവർക്ക് സമ്മാനവുമുണ്ട്.

See also  വനിതകൾക്കും കുട്ടികൾക്കും സംരക്ഷണവുമായി ജില്ലാ ജാഗ്രതാ സമിതി

Related Articles

Back to top button