പത്മകുമാറിനെ ഇന്ന് എസ് ഐ ടി കസ്റ്റഡിയിൽ വാങ്ങും

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കൊള്ളയിൽ മുഖ്യസൂത്രധാരൻ പത്മകുമാറെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമാണ് എസ്‌ഐടിയുടെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളിൽ വിശദമായ പരിശോധന നടത്തും.
ചോദ്യം ചെയ്യലിൽ പത്മകുമാർ നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിർണ്ണായകമാണ്. എന്നാൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടുണ്ടെന്നും കസ്റ്റഡി വേണ്ടെന്നുമാണ് പത്മകുമാറിന്റെ അഭിഭാഷകന്റെ വാദം. പത്മകുമാറിനെ നേരിട്ട് ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഥലത്ത് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് ക്രമീകരിച്ചിരിക്കുന്നത്.
ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും അറസ്റ്റിലായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. അതേസമയം, ശബരിമല സ്വർണ്ണകൊള്ള കേസിൽ നാലാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ വിജിലൻസ് കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.



