മഷിയിട്ടാല്‍ കാണാത്തവിധം ഇപ്പോള്‍ ഒളിവിലാണ്; കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് രാഹുല്‍ വിഷയം കാരണമായി മാറി: വെള്ളാപ്പള്ളി നടേശന്‍

പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടം രാജിവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസും രാഹുല്‍ മാങ്കൂട്ടത്തിലുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ പേരില്‍ കേസില്ലാത്ത സ്ഥിതിക്ക് എന്തിന് രാജിവെക്കണമെന്ന് ചോദിച്ച രാഹുലിനെതിരെ ഇപ്പോള്‍ കേസുണ്ടെന്നും മഷിയിട്ടാല്‍ കാണാത്ത വിധം ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.
ഒരാളെ അല്ല, പല സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും രാഹുലിന്റെ ക്രൂരതകള്‍ ചൂണ്ടിക്കാട്ടി ഒരു യുവതി പരാതി നല്‍കിയ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് രാഹുലിന്റെ മനഃസാക്ഷി തന്നെ തീരുമാനിക്കട്ടേയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്‌നം ഉടലെടുത്ത ആദ്യകാലത്ത് പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം രാഹുല്‍ മാങ്കൂട്ടത്തില്‍ പുണ്യവാളന്റെ വേഷമായിരുന്നു അണിഞ്ഞിരുന്നതെന്നും എന്നാല്‍ ആ പൊയ്മുഖം ഇപ്പോള്‍ അഴിഞ്ഞുവീണുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍തന്നെ രാഹുലിനെ പിന്താങ്ങിയവരും പുറന്തള്ളിയവരുമുണ്ടെന്ന് പറഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് ഈ വിഷയം കാരണമായി മാറിയിട്ടുണ്ടെന്നും പറഞ്ഞു. കോണ്‍ഗ്രസിലെ പ്രഗത്ഭരില്‍ ഒരാളെന്ന നിലയില്‍ വാനോളം പൊക്കിക്കൊണ്ടുനടന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തകര്‍ന്ന് തരിപ്പണമായി ആളുകളെല്ലാം ചവിട്ടിതേക്കുന്ന ഒരു അവസ്ഥയിലേക്ക് മാറിയെന്നും ഇതിന്റെ ഉത്തരവാദി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ ചെയ്ത തെറ്റുകളില്‍ ഉത്തമബോധ്യവും പശ്ചാത്താപവും ഉണ്ടെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുന്നതായിരിക്കും രാഹുല്‍ മാങ്കൂട്ടത്തിലിന് നല്ലതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.



