രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ തിരുവനന്തപുരത്ത്; വക്കീൽ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു: ഒളിവിൽ പോയി

ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം. എൽ.എ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാവിലെ വക്കീൽ ഓഫീസിൽ എത്തി. വക്കാലത്ത് ഒപ്പിട്ട ശേഷം തിരുവനന്തപുരത്ത് നിന്നും ഒളിവിൽ പോയി.
എഫഐആർ രജിസ്റ്റർ ചെയ്‌ത് മണിക്കൂറുകൾക്ക് ശേഷം രാഹുൽ വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ നേരിട്ട് എത്തി. പാലക്കാട് നിന്ന് രാഹുൽ തിരുവനന്തപുരത്താണ് എത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ തിരുവനന്തപുരത്തും പരിസരത്തുമുണ്ടെന്നാണ് പൊലീസ് നിഗമനം.
അതിജീവിതയുടെ പരാതിയെ തുടർന്ന് പൊതുമധ്യത്തിൽ നിന്നും മാറി നിന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഇന്നലെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനായിരുന്നു നടപടി.
കഴിഞ്ഞ ദിവസം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അഞ്ചു മണിയോടെയാണ് രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫായത്. ഇന്നലെ രാവിലെ ഏഴരയോടെ രാഹുലിന്റെ ഫോൺ സ്വിച്ച് ഓണായെങ്കിലും വീണ്ടും സ്വിച്ച് ഓഫാക്കി.



