Kerala

അഭിഭാഷകന്റെ ഓഫീസിൽ എത്തിയിട്ടും രാഹുലിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല; ഒത്തുകളി വ്യക്തം: കെ സുരേന്ദ്രൻ

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാൻ പൊലീസിന് കഴിയാത്തത് സംസ്ഥാന സർക്കാരിന് താല്പര്യമില്ലാത്തതുകൊണ്ടാണെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം വഞ്ചിയൂരിൽ അഭിഭാഷകന്റെ ഓഫീസിൽ എത്തിയിട്ടും പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല എന്ന് പറയുമ്പോൾ ഒത്തുകളി വ്യക്തമായി കാണാമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബിജെപി യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നതെന്നും രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കുമെന്നും കെ സുരേന്ദ്രൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉന്നതരിൽ നിന്നും രാഹുലിന് സഹായം ലഭിക്കുന്നുണ്ടെന്നും ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അതിനിടെ ബലാത്സംഗ കേസിൽ കൂടുതൽ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിലെത്തി. ജില്ലാ കോടതിയിൽ സീൽഡ് കവറിൽ തെളിവുകൾ കൈമാറി. പെൻഡ്രൈവുകളാണ് രാഹുൽ കൈമാറിയത്. ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളിൽ യുവതി ഭർത്താവിനൊപ്പമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ അടക്കമാണ് രാഹുൽ കോടതിയിൽ എത്തിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ഒൻപത് തെളിവുകളാണ് കോടതിക്ക് കൈമാറിയിട്ടുള്ളത്.

രാഹുലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ ഈ സുപ്രധാന നീക്കം. യുവതി അന്വേഷണ സംഘത്തിന് നൽകിയ മൊഴികൾക്ക് മേൽ പ്രതിരോധം തീർക്കുന്നതാണ് രാഹുലിന്റെ തെളിവുകൾ എന്നതും ശ്രദ്ധേയമാണ്. അതേസമയം ഗർഭഛിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖ അടക്കമാണ് യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ എത്തിയിട്ടുള്ളത്.

വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നല്‍കിയത്. ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിന്‍കര ജെഎഫ്സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.

See also  വഖഫ് ബോർഡിന് തിരിച്ചടി; ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

Related Articles

Back to top button