സന്ദീപ് വാര്യരും പ്രതി; അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ കൂടാതെ അഞ്ച് പ്രതികൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ കോൺഗ്രസ് വക്താവ് സന്ദീപ് വാര്യരും പ്രതി. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.
കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ് രണ്ടാംപ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയുമാണ്. അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതിജീവിതയ്ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത്. എ ആർ ക്യാമ്പിലെത്തിച്ചാണ് രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്യുന്നത്. രാഹുൽ ഈശ്വറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കും.
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അതിജീവിതക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്. പിന്നാലെയാണ് സൈബർ ആക്രമണത്തിൽ യുവതി പരാതി നൽകിയത്. പരാതിയിൽ കേസെടുക്കാൻ എഡിജിപി എച്ച് വെങ്കിടേഷ് നിർദേശം നൽകിയിരുന്നു.



