Kerala

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. രാഹുലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റം നിസാരമായി കാണാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ട്. പ്രഥമദൃഷ്ട്യാകുറ്റം നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി.

രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി പ്രോസിക്യൂഷന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി നിയന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ രാഹുല്‍ ഈശ്വര്‍ ഒരു ഘട്ടത്തില്‍ പോലും യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. രാഹുലിന്റെ വീഡിയോയില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. അതേസമയം പൊലീസ് കോടതിയില്‍ പറഞ്ഞത് പച്ചക്കള്ളമെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ജയിലില്‍ നിരാഹാരമിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച സമയത്തായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്നലെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയാണ്.

See also  ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ കേന്ദ്രം എഴുതി തള്ളണം; ആകില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണം: ഹൈക്കോടതി

Related Articles

Back to top button