രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതം; കേരളത്തിലും തമിഴ്‌നാട്ടിലും പരിശോധന

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതമാക്കി അന്വേഷണ സംഘം. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞദിവസം രാഹുലിന്റെ സുഹൃത്തുക്കളുടെ വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചില്ല.
അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. രണ്ടാംപ്രതി ജോബി ജോസഫും ഒളിവിലാണ്. അതേസമയം പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഗുരുതര വകുപ്പുകൾ കൂടി ചുമത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിൽ എടുത്ത രാഹുലിനെ ചോദ്യം ചെയ്തിനൊടുവിൽ ആണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിചേർത്ത സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യും.



