കാപ്പാ കേസ് പ്രതികൾക്കടക്കം വിവരം ചോർത്തി നൽകി; എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്തു

കാപ്പാ കേസ് പ്രതിക്കുൾപ്പെടെ വിവരം ചോർത്തി നൽകിയ സംഭവത്തിൽ എഎസ്‌ഐക്ക് സസ്‌പെൻഷൻ. തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം അടക്കം ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ
ഡിഐജി അജിത ബീഗമാണ് നടപടിയെടുത്തത്. അടിപിടിക്കേസിലെ പ്രതികൾക്കാണ് ബിനു കുമാർ റിമാൻഡ് റിപ്പോർട്ട് വിവരം അടക്കം ചോർത്തി നൽകിയത്. കോടതിയിൽ എത്തിയപ്പോൾ റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പുകളിലൊന്ന് കാണാതായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് എഎസ്‌ഐ ഇത് പ്രതികളുടെ അഭിഭാഷകന് കൈമാറിയ വിവരം വ്യക്തമായത്
പിന്നാലെ ബിനുകുമാറിനെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രതികളുടെ അഭിഭാഷകന്റെ കയ്യിൽ നിന്ന് പണം വാങ്ങിയാണ് ഇത്തരത്തിൽ വിവരം ചോർത്തി നൽകിയിരുന്നതെന്നാണ് കണ്ടെത്തൽ. ബിനു കുമാറിനെതിരെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



