ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു; 300 പേജുകളിൽ വിശദീകരിച്ച് കോടതി, ഗൂഢാലോചന തെളിയിക്കാനായില്ല

നടിയെ ആക്രമിച്ച കേസിലെ വിധി പകർപ്പ് പുറത്തുവന്നു. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടെന്ന് വിധിപ്പകർപ്പിൽ പറയുന്നു. അതേസമയം എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
അതേസമയം ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. പ്രോസിക്യൂഷൻ വീഴ്ചകളെ കോടതി കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. സമർപ്പിക്കപ്പെട്ട തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ അപര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി
വിധി പകർപ്പിൽ 300 പേജുകളിലാണ് ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കിയെന്ന് കോടതി വിശദീകരിക്കുന്നത്. മാസ്റ്റർ കോൺസ്പറേറ്റർ എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ല. ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി പറയുന്നു



