Kerala

മക്കളെ ഭാര്യക്കൊപ്പം വിടാൻ കോടതി വിധി; പിന്നാലെ വിഷം കൊടുത്ത് കൊന്ന് യുവാവും അമ്മയും ജീവനൊടുക്കി

കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ രണ്ട് കുഞ്ഞുങ്ങളെ അടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബപ്രശ്‌നത്തിലെ കോടതി വിധിക്ക് പിന്നാലെയാണ് സംഭവം. രാമന്തളി സെന്ററിൽ വടക്കുമ്പാട് റോഡിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ(36), മാതാവ് ഉഷ(56), കലാധരന്റെ മക്കളായ ഹിമ(6), കണ്ണൻ(2) എന്നിവരാണ് മരിച്ചത്. 

ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങളെ നിലത്ത് മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയും കലാധരനും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കുട്ടികളെ ഭാര്യക്കൊപ്പം വിടാൻ കോടതി വിധിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വിഷം കൊടുത്ത് രണ്ട് പേരും തൂങ്ങിമരിച്ചതാകാമെന്നാണ് നിഗമനം

ഉഷയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് ആരും പ്രതികരിക്കാതെ വന്നതിന് പിന്നാലെ നോക്കിയപ്പോഴാണ് വീടിന് മുന്നിൽ എഴുതി വെച്ച കത്ത് കണ്ടത്. ഈ കത്തുമായി ഉണ്ണികൃഷ്ണൻ പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും മരിച്ച നിലയിലും മക്കൾ നിലത്ത് മരിച്ച നിലയിലും കണ്ടത്

പാചക തൊഴിലാളിയാണ് കലാധരൻ. കോടതി വിധിയെ തുടർന്ന് കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നയൻതാരയുടെ വീട്ടുകാർ പോലീസിനെ സമീപിച്ചിരുന്നു. പോലീസ് ഇന്നലെ കലാധരനെ വിളിച്ച് കുട്ടികളെ വിട്ടുകൊടുക്കാൻ നിർദേശിച്ചിരുന്നു. പിന്നാലെയാണ് സംഭവം
 

See also  തിരുവനന്തപുരം ആര്യങ്കോട് 47കാരനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button