ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം

അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിന് ക്രൂര മർദനം. ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. പാലൂർ സ്വദേശി മണികണ്ഠന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. തലയോട്ടി പൊട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ മണികണ്ഠൻ ചികിത്സയിൽ തുടരുകയാണ്. കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ് എന്നയാളാണ് മണികണ്ഠനെ മർദിച്ചത്
ഡിസംബർ ഏഴിനാണ് സംഭവം നടന്നത്. ഡിസംബർ എട്ടിന് ആദിവാസി വാദ്യോപകരണം കൊട്ടാനായി കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണികണ്ഠൻ പോയിരുന്നു. ഇവിടെ വെച്ച് യുവാവ് തളർന്ന് വീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു
സംശയം തോന്നിയ ഡോക്ടർമാരാണ് പോലീസിൽ വിവരം അറിയിച്ചത്. പിന്നീട് പുതൂർ പോലീസ് കോഴിക്കോട് എത്തി വിവരങ്ങൾ ശേഖരിച്ചിട്ടും തുടർ നടപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തലയ്ക്ക് പരുക്കേറ്റിട്ടും വധശ്രമത്തിന് കേസെടുത്തിട്ടില്ല. നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത്.



