എൽഐസി മാനേജരുടെ മരണം അപകടമല്ല, കൊലപാതകം; സഹപ്രവർത്തകൻ അറസ്റ്റിൽ

മധുര എൽഐസി ഓഫീസിൽ വനിതാ മാനേജർ തീപിടിത്തത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മാനേജറെ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ ഡി റാം(46) അറസ്റ്റിലായി. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് കൊലപാതകമെന്ന് തെളിയുന്നത്
ഡിസംബർ 17നുണ്ടായ തീപിടിത്തത്തിലാണ് മാനേജർ എ കല്യാണി നമ്പി(56) പൊള്ളലേറ്റ് മരിച്ചത്. അപേക്ഷകൾ തീർപ്പാക്കാതെ വൈകിപ്പിച്ച റാമിനെ കല്യാണി ശാസിക്കുകയും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് അയക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെയാണ് ഇയാൾക്ക് ദിവസവും ഓഫീസിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വന്നു
ഇതിന് പ്രതികാരമായി മാനേജരുടെ കാബിനിൽ ഫയലുകൾ കൂട്ടിയിടിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കാബിൻ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. തീ ആളിപ്പടർന്നതോടെ ഗുരുതരമായി പൊള്ളലേറ്റ കല്യാണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മുഖംമൂടി ധരിച്ച ഒരാൾ ഓഫീസിലെത്തി മാനേജരുടെ ആഭരണങ്ങൾ മോഷ്ടിച്ച് തീ കൊളുത്തിയെന്ന് റാം കഥയുണ്ടാക്കിയിരുന്നു. ഇതാണ് അന്വേഷണത്തിൽ പൊളിഞ്ഞത്



