മുൻകൂർ ജാമ്യാപേക്ഷ നൽകി ഷിംജിത മുസ്തഫ; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. ഷിംജിത മുസ്തഫയ്ക്കായി ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു.
ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസിന്റെ നടപടി. കേസിൽ നിർണായകമായ ഷിംജിത പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതേസമയം ഷിംജിതക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നും വിദേശത്തേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് പിടികൂടണമെന്നും ദീപകിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഷിംജിത നേരത്തെ വിദേശത്തായതിനാൽ രാജ്യം വിട്ട് പോകാനുള്ള സാധ്യതയും പോലീസ് കാണുന്നുണ്ട്. ഇതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.



