Kerala

എന്റെ സുഹൃത്തുക്കളേയെന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; വികസിത കേരളത്തിനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മോദി

വികസിത കേരളത്തില്‍കൂടി മാത്രമേ വികസിത ഭാരതമെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി കേന്ദ്രം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പൂര്‍ണമായി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്റെ സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്തത്.

കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ റെയില്‍വേ യാത്രാ സൗകര്യം ഇന്ന് മുതല്‍ കൂടുതല്‍ ശക്തമാകുകയാണ്. രാജ്യത്തെ വലിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനുള്ള ആദ്യ ചുവട് വയ്ക്കുകയാണ്. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി നടപ്പാക്കുന്ന ഒരു മഹത്തായ സംരംഭത്തിനും തിരുവനന്തപുരത്ത് ഇന്ന് തുടക്കമായിട്ടുണ്ട്. ഇന്നാണ് രാജ്യത്ത് പ്രധാനമന്ത്രി സുനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് തുടക്കമായത്. ഇത് മൂലം രാജ്യത്തെ ഉന്തുവണ്ടി കച്ചവടക്കാര്‍, തട്ടുകടക്കാര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് ഗുണം ലഭിക്കുക. വികസനത്തിനും തൊഴില്‍ ഉദ്പാദനത്തിനും ഒക്കെ കാരണമാകുന്ന ഈ പദ്ധതികള്‍ക്ക് രാജ്യത്തെ എല്ലാവരുടെയും പേരില്‍ ഞാന്‍ ആശംസകള്‍ നേരുന്നു – അദ്ദേഹം വ്യക്തമാക്കി

വികസിത ഭാരത നിര്‍മാണത്തിനായി രാജ്യം ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വികസിതഭാരതത്തിന്റെ നിര്‍മാണത്തില്‍ നമ്മുടെ നഗരങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. കഴിഞ്ഞ 11 വര്‍ഷമായി രാജ്യത്തെ നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ വന്‍തോതിലുള്ള നിക്ഷേപമാണ് നടത്തി വരുന്നത്. നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയും നിരവധി കാര്യങ്ങളാണ് ചെയ്യുന്നത്. പ്രധാനമന്ത്രി ആവാസ് യോജന വഴി ഇന്നുവരെ രാജ്യത്ത് നാല് കോടി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കിക്കഴിഞ്ഞു. ഈ പദ്ധതി മൂലം കേരളത്തിലെ 25 ലക്ഷം നഗരവാസികള്‍ക്കാണ് ഉറപ്പുള്ള വീടുകള്‍ കിട്ടിയത് – പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ഇതിന്റെ വലിയൊരു പ്രയോജനം കേരളത്തിനും കിട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കേരളത്തിലെ ശമ്പളക്കാരായ മധ്യവര്‍ഗക്കാരായ സാധാരണ മനുഷ്യര്‍ക്ക് ഇതിന്റെ പ്രജോയനം കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരുവുകച്ചവടക്കാരായ സാധാരണക്കാരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഒരു ചുവട് കൂടി വച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവര്‍ക്ക് ഇന്ന് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുകയാണ്. അല്‍പം മുന്‍പാണ് ഈ വേദിയില്‍ പ്രധാനമന്ത്രി സുനിതി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് കീഴില്‍ കേരളത്തിലെ പതിനായിരക്കണക്കിനും തിരുവനന്തപുരത്തെ 600ഓളവും തെരുവുകച്ചവടക്കാര്‍ അംഗങ്ങളായിട്ടുണ്ട്. നേരത്തെ നമ്മുടെ രാജ്യത്തെ പണക്കാരുടെ കൈയില്‍ മാത്രമുണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡ് ഇപ്പോള്‍ തെരുവ് കച്ചവടക്കാരുടെ കൈയിലുമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായിട്ടുണ്ട്. കേരളത്തിലെ റെയില്‍ ഗതാഗതം ഇന്ന് മുതല്‍ കൂടുതല്‍ ദൃഢമാവുകയാണ്. അമൃത ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ കേരളത്തിലെ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടും. ഗുരുവായൂര്‍ – തൃശൂര്‍ റൂട്ടില്‍ ഓടുന്ന പുതിയ പാസഞ്ചര്‍ ട്രെയിന്‍ തീര്‍ഥാടനം കൂടുതല്‍ സുഗമാക്കും. കേരളത്തിന്റെ വികസനത്ത് കൂടുതല്‍ വേഗം കൈവരും – അദ്ദേഹം വ്യക്തമാക്കി.

See also  കൊല്ലത്ത് മൂന്നര വയസുകാരി പീഡനത്തിന് ഇരയായി; പിതൃസഹോദരൻ അറസ്റ്റിൽ

Related Articles

Back to top button